Mukkutti മുക്കുറ്റി, നിലം തെങ്ങ്
Genus: Biophytum
Botanical name: Biophytum sensitivum Linn.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Viparita lajjalu, Jhulapushpa, Peethapushpa
English: Biophytum
Hindi: Lajjalu, Lakshmana
Malayalam: Mukkutti
മുക്കുറ്റി
നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും വഴിയോരങ്ങളിലും കാണുന്ന മുക്കുറ്റി ഗ്രാമീണ സംസ്കൃതിയുടെ അടയാളമാണ്. ദശപുഷ്പങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ് മുക്കുറ്റി. (ശാസ്ത്രീയനാമം: Biophytum sensitivum) ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽ പെടുന്ന സസ്യമാണ് മുക്കുറ്റി.
8-15 cm ഉയരമുള്ള ഇവയ്ക്കു ഒരു കൊല്ലമാണ് ആയുസ്സ്. നിലത്തോടു പറ്റി വളരുന്ന ഇതിന് ചെറിയ മഞ്ഞപ്പൂക്കളുണ്ടാകും. അഞ്ചു ഇതളുകൾ ഉള്ള പൂക്കൾക്ക് പത്തു കേസരങ്ങളും, അഞ്ചു അറയുള്ള അണ്ഡാശയവും ഉണ്ടാവും. വിത്തുകൾ മണ്ണിൽ വീണ് മഴയുള്ളപ്പോൾ മുളക്കും.തെങ്ങിന്റെ വളരെ ചെറിയ പതിപ്പ് പോലെ തോന്നിക്കുന്ന ഈ സസ്യം ജലം കെട്ടിനിൽക്കാത്ത തണൽപ്രദേശങ്ങളിൽ വളരുന്നു.
ഔഷധ യോഗങ്ങൾ
സസ്യം പൂർണ്ണമായും ഔഷധനിർമ്മാണത്തിനുപയോഗിക്കുന്നുണ്ട്. ആയുർവേദ വിധിപ്രകാരം ത്രിദോഷങ്ങളായ കഫ, പിത്ത, വാത രോഗങ്ങൾക്ക് ഫലപ്രദമാണ്. മുക്കുറ്റി ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ പ്രമേഹം തടയാൻ ഉത്തമമാണ്. ഈ വെള്ളം നിത്യവും കുടിച്ചാൽ പ്രമേഹത്തെ ഫലപ്രദമായി നമുക്ക് നേരിടാം. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ മുക്കുറ്റി അരച്ച് നീര് മുറിവിൽ പുരട്ടിയാൽ മുറിവ് പെട്ടെന്ന് ഉണങ്ങും.
അഞ്ചു മുക്കുറ്റിയും അഞ്ചു കുരുമുളകും അരച്ച് കഴിച്ചാൽ രോഗപ്രതിരോധശേഷി വർധിക്കും. ഇത് മാത്രമല്ല ചുമക്കും അലർജിക്കും കഫകെട്ടിനും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. മുക്കുറ്റി നീര് സേവിച്ചാൽ വൃക്കയിലെ കല്ല് മാറുകയും രക്തശുദ്ധി ഉണ്ടാവുകയും ചെയ്യും. മുക്കുറ്റി നീരും നറുനെയ്യും കൽക്കണ്ടം ചേർത്ത് കഴിച്ചാൽ അസ്ഥിസ്രാവം മാറും. മുക്കുറ്റിയും, നെല്ലിക്കയും, കറിവേപ്പിലയും ജ്യൂസ് അടിച്ചു കുടിച്ചാൽ ഗ്യാസ്ട്രബിൾ മാറുകയും മലശോധന ഉണ്ടാവുകയും ചെയ്യും. മുക്കുറ്റി, മഞ്ഞൾ, കൃഷ്ണതുളസി സമം അരച്ച് പുരട്ടുന്നതും ഉള്ളിൽ കഴിക്കുന്നതും കീട വിഷങ്ങളെ ശമിപ്പിക്കാൻ നല്ലതാണ്. മുക്കുറ്റി നീര് സേവിക്കുന്നത് ആസ്മക്ക് ഫലപ്രദമാണ്. മുക്കുറ്റി കഷായം വെച്ചു കഴിച്ചാൽ ഉഷ്ണരോഗവും കുഷ്ഠവും മാറിക്കിട്ടും. മന്തിന് ഈ കഷായം കഴിക്കുന്നത് നല്ലതാണ്. താറാവിന്റെ മുട്ടയിൽ 3-7 വരെ മുക്കുറ്റി അരച്ച് ചേർത്ത് ഏഴു ദിവസം കഴിച്ചാൽ അർശസ്സ് മാറിക്കിട്ടും.പ്രസവാനന്തരം മുക്കുറ്റി ഇലയും ശർക്കരയും പച്ചരിയും ചേർത്ത് കുറുക്ക് ഉണ്ടാക്കി കഴിച്ചാൽ സ്ത്രീ ആരോഗ്യം മെച്ചപ്പെടും. പ്രസവിച്ചു 15 ദിവസം കഴിഞ്ഞതിനു ശേഷമാണ് ഇങ്ങനെ ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുന്നത് വഴി ഗർഭാശയ ശുദ്ധി ഉണ്ടാകും. മുക്കുറ്റി സമൂലം അരച്ച് വെളിച്ചെണ്ണ ചേർത്ത് പ്രാണികൾ കടിച്ച ഇടത്തിൽ പുരട്ടിയാൽ വേദനയും നീരും മാറിക്കിട്ടും. മുക്കുറ്റി, കറ്റാർവാഴ, തഴുതാമ, ബ്രഹ്മി എന്നിവ സമൂലം അരച്ച് തേനിൽ കലർത്തി നെല്ലിക്ക വലുപ്പത്തിൽ കഴിക്കുന്നത് നിത്യ യൗവനം നിലനിർത്താൻ മികച്ചതാണ്.
മുക്കുറ്റി അരച്ച് നെറ്റിയിൽ ഇട്ടാൽ പനി മാറും. അതിസാരം മാറുവാൻ മുക്കുറ്റി ഇല അരച്ച് മോരിൽ ചേർത്ത് കഴിക്കുന്നത് ഗുണകരമാണ്. മുക്കുറ്റി, വെണ്ണ ചേർത്ത് അരച്ച് ഉപയോഗിച്ചാൽ തേനീച്ച വിഷം മാറും. മുക്കുറ്റി, മഞ്ഞൾ, തേൻ ചേർത്ത് കഴിക്കുന്നത് അൾസർ മാറാൻ നല്ലതാണ്. മൂക്കിലെ ദശ മാറുവാൻ മുക്കുറ്റിയും പൂവാങ്കുരുനിലയുടെ നീരും പിഴിഞ്ഞ് അൽപം പച്ച കർപ്പൂരം ചേർത്ത് 21 ദിവസം നസ്യം ചെയ്താൽ ഫലപ്രാപ്തി ഉണ്ടാവും. ഇത്രയും ഗുണങ്ങൾ ഉള്ള മുക്കുറ്റി ദാഹശമിനിയാക്കിയെങ്കിലും ജീവിതചര്യയുടെ ഭാഗമാക്കാൻ ശ്രമിക്കുക.