Karinjotta കരിങ്ങോട്ട
Genus: samadera
Botanical name: Samadera indica Gaertn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Gucchakaranjah
Hindi: Lokhanadi
English: Niepa bark tree
Malayalam: Karinjotta, Karingota ( കരിങ്ങോട്ട, കരിഞ്ഞോട്ട )
കരിങ്ങോട്ട
കരിഞ്ഞോട്ട എന്ന പേരിലും അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രനാമം Quassia indica എന്നാണ്. സൈമാറൂബേസിയേ (Simaroubaceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു.
ഇന്ത്യ, മ്യാൻമാർ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന ചെറിയ വ്യക്ഷമാണ് കരിങ്ങോട്ട. കായലോരങ്ങളിലും ആർദ്ര ഇലപൊഴിയും വനങ്ങളിലും തീരദേശ കാവുകളിലും ഈ വൃക്ഷം വളരുന്നുണ്ട്. കേരളത്തിൽ മിക്കവാറും എല്ലാ ജില്ലകളിലും ഇത് കാണപ്പെടുന്നുണ്ട്. 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിന്റെ തൊലിക്ക് കറുപ്പു കലർന്ന ചാരനിറമാണ്. കരിംപച്ച നിറമുള്ള തിളക്കമുള്ള ഇലകൾക്ക് 15-22 സെൻറീമീറ്റർ നീളവും 5-6 സെൻറീമീറ്റർ വീതിയും കാണും. ഇലകൾ വിന്യസിച്ചിരിക്കുന്നത് ഏകാന്തര ക്രമത്തിലാണ്. ഇലഞെട്ടിന് 1-2 സെൻറീമീറ്റർ നീളമുണ്ടാകും. മരത്തിന് പൊതുവേ ഇരുണ്ട നിറമായതിനാലാകണം കരിങ്ങോട്ട എന്ന പേര് ലഭിച്ചത്. ശാഖാഗ്രങ്ങളിലാണ് പൂക്കൾ ഉണ്ടാകുന്നത്. മിക്കവാറും എല്ലാ കാലത്തും പൂക്കൾ കാണുമെങ്കിലും നവംബർ-ജനുവരി മാസങ്ങളാണ് പ്രധാന പൂക്കാലം. മൂന്നോ നാലോ മാസങ്ങൾ കൊണ്ട് ഫലങ്ങൾ പാകമാകുന്നു.
പ്ലാസ്റ്റിക്കിൻ്റെയും റബ്ബറിൻ്റെയും തുകലിൻ്റെയും പാദരക്ഷകൾ വരുന്നതിനു മുന്‍പേ തന്നെ മനുഷ്യർ അപൂർവമായി ധരിച്ചിരുന്നത് മരത്തിൻ്റെ ചെരുപ്പായിരുന്നു. മെതിയടി എന്നായിരുന്നു ഇതിനു പേര്. മരം കൊണ്ട്, പ്രത്യേകിച്ച് കുമ്പിൾ മരത്തിൻ്റെ തടികൊണ്ട് നിർമ്മിച്ചിരുന്നതായിരുന്നു ഈ മെതിയടികൾ. എന്നാൽ ചില സന്യാസിമാർ കരിങ്ങോട്ടമരത്തിൻ്റെ തടികൊണ്ടു നിർമ്മിച്ചിരുന്ന മെതിയടികളാണത്രേ ധരിച്ചിരുന്നത്.
ചിതലുകളെ അകറ്റാൻ കഴിവുള്ള ചില ആൽക്കലോയിഡുകൾ കരിങ്ങോട്ടയുടെ ഇലകളിൽ അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. പണ്ടുകാലത്ത് വീടുപണിയുമ്പോൾ ഇതിന്റെ ഇലകൾ തറയിലും കട്ടിളപ്പടിയുടെ ഉള്ളിലും ഇടാറുണ്ട്. ഓല മേഞ്ഞ വീടുകളാണെങ്കിൽ ഓലമേയുന്നതിനു മുമ്പായി ഉത്തരം, കഴുക്കോൽ എന്നിവയിൽ കരിങ്ങോട്ട ഇലകൾ വച്ചുകെട്ടിയതിനുശേഷമാണ് ഓലമേഞ്ഞിരുന്നത്രേ. വിറകുപുരകളിലും ചിതൽ ശല്യം ഉണ്ടാകാതിരിക്കാനായി ഈ മരത്തിന്റെ ഇലകൾ വിതറാറുണ്ട്. കുരുമുളക് ചെടികളുടെ ചുവട്ടിൽ കരിങ്ങോട്ടയിലകൾ പുതയിട്ടാല്‍ നിമാവിരകളെയും ചിതലുകളെയും ചെറുകീടങ്ങളെയും അകറ്റുന്നതായി ചില കൃഷിക്കാർ പറയുന്നുണ്ട്.
ഔഷധ യോഗങ്ങൾ
കരിങ്ങോട്ടയുടെ തൊലി, ഇല, കാതൽ, വിത്തില്‍ നിന്നെടുക്കുന്ന എണ്ണ എന്നിവ ഔഷധമായി ഉപയോഗിച്ചുവരുന്നു. കരിങ്ങോട്ടത്തൈലം ശക്തമായ ഒരു വാതഹരൌഷധമാണ്. (വാതത്തെ ഹരിക്കുന്നത് അല്ലെങ്കില്‍ ഇല്ലാതാക്കുന്നത് ) സന്ധിവാതം, ആമവാതം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിലും ഔഷധമായി ഉപയോഗിക്കുന്നു. സന്ധിവേദന, നീർക്കെട്ട് എന്നിവയ്ക്ക് കരിങ്ങോട്ടത്തൈലം പുരട്ടാറുണ്ട്. വിത്ത് മാലയായി കഴുത്തിലണിഞ്ഞാൽ ആസ്തമ, നെഞ്ചുവേദന എന്നിവയ്ക്ക് ആശ്വാസം കിട്ടും.
വിത്തിൽ നിന്നും എണ്ണയുണ്ടാക്കി ആയുർവേദത്തിൽ ഉപയോഗിക്കുന്നു. തൊലി, ഇല, കാതൽ, വിത്തിൽ നിന്നു കിട്ടുന്ന എണ്ണ എന്നിവ ഔഷധത്തിന് ഉപയോഗിക്കുന്നു.