Ayurvedic Medicinal Plants

Kottam                      കൊട്ടം

Family: Asteraceae (Sunflower family)
Genus: Saussurea
Botanical name: Saussurea costus
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kushta, Pushkara, Kashmeeraja, Vapya, Roga, Rucha, Visha
Hindi: Kuth
English: Costus
Malayalam: Kottam, Seemakottom(കൊട്ടം)

കൊട്ടം

വംശനാശഭീഷണി നേരിടുന്ന ഒരു ഔഷധസസ്യമാണ് കൊട്ടം. (ശാസ്ത്രീയ നാമം: സൊസ്സൂറിയ ലാപ്പ, Saussurea lappa). കാശ്മീരിൽ കൂടുതലുണ്ടാകുന്നത് എന്ന അർത്ഥത്തിൽ കാശ്മീരജം, പുഷ്കരമൂലത്തോട് സാദൃശ്യമുള്ള സസ്യം എന്ന അർത്ഥത്തിൽ പുഷ്കര എന്നിങ്ങനെയുള്ള പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു.

കൊട്ടം സുഗന്ധമുള്ള ഒരു ചെടിയാണ്. വേരിനും കാണ്ഡത്തിനും സുഗന്ധമുണ്ട്. ഒരു മീറ്റർ മുതൽ രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചിരസ്ഥായി ഔഷധി. കാണ്ഡം വിരലിന്റെ വണ്ണമുള്ളതും ബലിഷ്ഠവുമാണ്. ഇലകൾ വലുതും പരന്നു വിരിഞ്ഞതുമാണ്. ഇലകളുടെ അറ്റം ക്രമരഹിതമായ പല്ലുകൾ പോലെയുള്ളതാണ്. ഇലകളുടെ ചുവടറ്റം കാണ്ഡത്തെ പൊതിഞ്ഞിരിക്കും. പൂങ്കുല മുണ്ഡമഞ്ജരി (തല പോലെയുള്ള പൂങ്കുല). പുഷ്പങ്ങൾക്ക് നീല കലർന്ന വയലറ്റ് നിറമാണ്. ഫലങ്ങളിൽ രോമാവരണമുണ്ട്. വിത്ത് ചെറുതും പതുങ്ങിപ്പരന്നതുമാണ്. വേര് തടിച്ചതും സുഗന്ധമുള്ളതും എളുപ്പം ഒടിയുന്നതുമാണ്. 

ഔഷധ യോഗങ്ങൾ

കൊട്ടംചുക്കാദി തൈലം’ മിക്കവർക്കും പരിചിതമായിരിക്കും. ഈ തൈലത്തിലെ പ്രധാന ചേരുവയാണ് കൊട്ടം. വേരാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്.  ചർമ്മരോഗങ്ങൾ, ശ്വാസം, കാസം (ചുമ) ഇവയെ ശമിപ്പിക്കാൻ സവിശേഷ ശക്തിയുള്ള ഒരൗഷധമാ ണ് കൊട്ടം. കുട്ടികളുടെ(ജാതമാത്രന്റെ) പൊക്കിൾ പഴുത്താൽ കൊട്ട തൈലം പുറമെ പുരട്ടുന്നത് ഉണങ്ങാൻ സഹായിക്കുന്നു. ശ്വാസരോഗങ്ങൾ, കാസം (ചുമ), ചർമ്മ രോഗങ്ങൾ, അലർജി ഇവ ശമിപ്പിക്കുന്നു.

ത്രായന്ത്യാദികഷായം, സിംഹ്യാദികഷായം, ശൃംഗ്യാദികഷായം, ശുണ്ഠ്യാദി തൈലം എന്നിവയെല്ലാം കൊട്ടം ചേർത്ത് ഉണ്ടാക്കുന്ന ഔഷധയോഗങ്ങളാണ്.

ശുക്ലാർത്തവങ്ങളെ ശുദ്ധീകരിക്കുകയും ഗർഭാശയവൈകല്യങ്ങൾ അകറ്റുകയും ചെയ്യുന്നുവെന്നു ഭാരതീയ ആയുർവേദ ഗ്രന്ഥങ്ങളിൽ പറയുന്നു.