
Myrrha മീറ
Genus: Commiphora
Botanical name: Commiphora stocksiana
PLANT NAME IN DIFFERENT LANGUAGES
Sanskrit: Rasaganda
Hindi: Mitha guggal
English: Mitha Guggal, Common Myrrh tree
Malayalam: Myrrha, Mira, Meera
മീറ
“കോമിഫോറ” ജനുസ്സിൽ പെട്ട ചിലയിനം കുറ്റിച്ചെടികളുടെ കറ ഉണക്കിയെടുത്തുണ്ടാക്കുന്ന പശിമയാർന്ന ഒരിനം സുഗന്ധദ്രവ്യമാണ് മീറ. ചുവപ്പുകലർന്ന തവിട്ടുനിറമാണിതിന്. യെമൻ, സൊമാലിയ, കിഴക്കൻ എത്യോപ്യ എന്നിവിടങ്ങളിൽ കാണുന്ന “കോമിഫോറാ മീറ”, ജോർദ്ദാനിൽ കണ്ടുവരുന്ന “കോമിഫോറ ഗിലെയാദെൻസിസ്” എന്നീ ഇനങ്ങളാണ് ഇതിന്റെ പ്രധാന ഉറവിടങ്ങൾ.
മീറച്ചെടി മരുഭൂമിയിൽ ഒൻപതടിയോളം ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ്. ഇളം ചാരനിറമുള്ള മുഖ്യകാണ്ഡം കടുപ്പമേറിയതും, അതിൽ നിന്നാരംഭിക്കുന്ന ശാഖകൾ ഉപശാഖകളായി പിരിഞ്ഞ് കൂർത്ത മുള്ളുകളിൽ അവസാനിക്കുന്നവയുമാണ്. മിനുത്ത് വിളുമ്പിൽ ക്രമരഹിതമായ പല്ലുകൾ നിറഞ്ഞ ഇലകൾ ചുവട്ടിൽ അണ്ഡാകൃതിയുള്ള ഒരു ജോഡി കുഞ്ഞിലകളും മദ്ധ്യത്തിൽ ഒരു വലിയ ഇലയുമായി പിരിഞ്ഞ് കാണപ്പെടുന്നു. മഞ്ഞ നിറമുള്ള പൂക്കൾ, നീണ്ട് ശാഖകളായി പിരിഞ്ഞ ഒരു തണ്ടിൽ കുലകളായി കാണപ്പെടുന്നു. തവിട്ടു നിറത്തിൽ വലിപ്പം കുറഞ്ഞ ഫലത്തിന് അറ്റം കൂർത്ത അണ്ഡാകൃതിയാണ്.
ഔഷധ യോഗങ്ങൾ
കഷായങ്ങളിലും, ലേപനങ്ങളിലും, ധൂപങ്ങളിലും അതിനോടൊപ്പം ചേർക്കാറുള്ള കുന്തിരിക്കത്തിന്റെ ഗുണങ്ങൾ തന്നെ മീറയ്ക്കും ഉള്ളതായി കരുതപ്പെടുന്നു. ഒന്നിച്ചുപയോഗിക്കുമ്പോൾ മീറ രക്തചംക്രമണത്തേയും കുന്തിരിക്കം ചൈനീസ് വൈദ്യത്തിൽ ‘ചീ’ എന്നറിയപ്പെടുന്ന ഊർജ്ജപ്രവാഹത്തേയും ബാധിക്കുന്നതിനാൽ വാതസംബന്ധമായ പ്രശ്നങ്ങളിൽ അത് ഫലപ്രദമാണ്. രക്തചംക്രമണക്ഷമത വർദ്ധിപ്പിക്കാൻ മീറയ്ക്ക് കഴിയുമെന്ന വിശ്വാസത്തിൽ, ആർത്തവവുമായും ആർത്തവവിരാമവുമായും ബന്ധപ്പെട്ട പ്രശ്നങ്ങളിലും അത് മരുന്നാക്കാറുണ്ട്.
പല്ലുവേദനയിലും ചതവ്, ഉളുക്ക് മുതലായ അവസ്ഥകളിലും മീറ പ്രയോജനകരമാണെന്ന് കരുതപ്പെടുന്നു.
ആയുർവേദം, യുനാനി തുടങ്ങിയ വൈദ്യസമ്പ്രദായങ്ങളിലും പാശ്ചാത്യ പച്ചമരുന്നുചികിത്സയിലും മീറയ്ക്ക് സ്ഥാനമുണ്ട്. മീറയുമായി ബന്ധപ്പെട്ടതും “കോമിഫോറ വിഘ്റ്റി” (Commiphora wightii) എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്നതുമായ ഗുഗ്ഗുൾച്ചെടി, രക്തചംക്രമണപ്രശ്നങ്ങൾ, വാതം, നാഡീരോഗങ്ങൾ എന്നിവയ്ക്ക് ആയുർവേദത്തിൽ ഉത്തമൗഷധമായി കണക്കാക്കപ്പെടുന്നു. സംസ്കൃതത്തിൽ ദൈന്ധവം എന്ന് അറിയപ്പെടുന്ന മീറ ആയുർവേദത്തിൽ പല രസായനങ്ങളുടേയും ചേരുവയാണ്.
എന്നാൽ രസായനങ്ങളിൽ, ചേരുവകൾ പ്രത്യേകമായ നിർമ്മാണപ്രക്രിയയിലൂടെ കടന്നു പോകുന്നുവെന്ന് ഓർക്കേണ്ടതുണ്ട്. അങ്ങനെയല്ലാത്ത രൂപത്തിൽ മീറ ഗർഭിണികൾക്കും അമിതരക്തശ്രാവമുള്ള സ്ത്രീകൾക്കും വൃക്കസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും, വയറുവേദനയിലും ഉപദ്രവകരമായേക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.