
നിലനാരകം, മലയാമുക്കി
Botanical name: Naregamia alata
PLANT NAME IN DIFFERENT LANGUAGES
Sanskrit: Triparni
English: Goanese ipecacuanha, Goanese Ipecac
Hindi: Tinparni
Malayalam: Nilanarakam
നിലനാരകം
മീലിയേസീ (Meliaceae) കുടുംബത്തിൽപ്പെടുന്ന ഒരു ഔഷധസസ്യമാണ് നിലനാരകം. (ശാസ്ത്രീയ നാമം നരഗാമിയ അലേറ്റ – Naregamia alata). പണ്ടൊക്കെ റോഡരികിലും, പറമ്പുകളിലും കണ്ടിരുന്ന ഒരു ഔഷധസസ്യമാണ് നിലനാരകം. സാധാരണക്കാർക്കിടയിൽ അത്ര പ്രചാരമില്ലാത്തതും എന്നാൽ വളരെ പ്രയോജനവും ഉള്ള ഒരു ഔഷധസസ്യമാണ് നിലനാരകം. ആയുർവേദത്തിൽ മികച്ച ഒരു പച്ചമരുന്ന് ആയിട്ടാണ് നിലനാരകത്തെ അറിയപ്പെടുന്നത്. മലയാളത്തിൽ ഇതിനെ നിലനിന്നാരകം എന്നും മലയാമുക്കി അറിയപ്പെടുന്നു.
പ്രധാനമായിട്ട് ഇന്ത്യയിലാണ് കാണപ്പെടുന്നത്. മഹാരാഷ്ട്ര, കേരള, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ കാണപ്പെടുന്നു. പശ്ചിമഘട്ടത്തിൽ 900 മീറ്റർ ഉയരത്തിൽ വരെ ഈ സസ്യത്തെ കാണപ്പെടുന്നു. പണ്ട് സുലഭമായി കാണുന്ന നിലനാരകം ഇന്ന് അപൂർവ്വം ആയിട്ട് കാണപ്പെടുന്നുള്ളൂ. 30 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ചെറിയ കുറ്റിച്ചെടിയാണ് നിലനാരകം. നിലനാരകത്തിന്റെ ചെറിയ ഇലയ്ക്ക് മൂന്ന് പത്രകങ്ങളുണ്ട്. ഇലഞെടുപ്പിന്റെ ഇരുവശവും വശങ്ങളിലേക്കു വളർന്ന് ചിറകുപോലെ രൂപാന്തരപ്പെട്ടിരിക്കുന്നു. ഇലയുടെ കക്ഷ്യങ്ങളിൽ നിന്നാണ് ഒറ്റയായോ ജോടികളായോ പുഷ്പങ്ങളുണ്ടാകുന്നത്.
ഇതിന്റെ എല്ലാ ഭാഗങ്ങൾക്കും മണമുണ്ട്. നാരകത്തിന്റെ ഇലയോട് സാദൃശ്യമുണ്ട് ഇതിന്റെ ഇല. ഇലക്ക് നാരങ്ങയുടെ മണമുണ്ട്. ഒറ്റയായ വെളുത്ത പുഷ്പങ്ങൾ ഇതിനുണ്ടാവുന്നു. വേര് തീഷ്ണഗന്ധം ഉള്ളതാണ്. നിലനാരകത്തിന്റെ ഇലയുടെ പ്രത്യേക ഗന്ധം പച്ചക്കറിയിലെ കീടങ്ങളെ അകറ്റിനിർത്താൻ ഫലപ്രദമാണ്. ഇലക്കറികളിലെ പ്രാണിശല്യം നിയന്ത്രിക്കാൻ നല്ല മരുന്നാണ് ഇത്.
(പറമ്പുകളിലെ കളനാശിനി മൂലം ഈ ഔഷധ സസ്യം നമ്മുടെയെല്ലാം പറമ്പുകളിൽ നിന്ന് അപ്രത്യക്ഷമാകുന്നു)
ഔഷധ യോഗങ്ങൾ
നിലനാരകം സസ്യം സമൂലമായി ഔഷധത്തിന് ഉപയോഗിക്കുന്നു. ഇതിന്റെ വേര് കരൾ രോഗത്തിനും, കഫം ഇളക്കി കളയുന്നതിനും സമൂലമായിട്ട് ശ്വാസകോശ രോഗങ്ങൾക്കും, വിശപ്പില്ലായ്മ, വ്രണം, വാതരോഗങ്ങൾ, രക്തശുദ്ധി എന്നിവയുടെ ചികിത്സകൾ എല്ലാം നിലനാരകം ഉപയോഗിക്കാറുണ്ട്. ചുമ്മാ, ആസ്മ, വാതരോഗങ്ങൾ, വാതം, പിത്തം, അൾസർ, ചൊറി, വൈറൽ രോഗങ്ങൾ, വിളർച്ച, മലേറിയ, മുറിവ്, ചതവ്, ശരീര വേദന, പ്ലീഹ വീക്കം, ശരീരത്തിലെ ചൊറിച്ചിൽ, വായി നാറ്റം, വയറിളക്കം, വലിവ്, ദഹനക്കേട് ,നേത്രരോഗം, മഞ്ഞപ്പിത്തം തുടങ്ങിയവയ്ക്ക് ഔഷധങ്ങൾ ഉണ്ടാക്കാൻ നിലനാരകം ഉപയോഗിക്കുന്നു. ശരീര കലകളെ നിയന്ത്രിക്കാൻ ശേഷിയുള്ള നിലനാരകം കരളിന്റെ പ്രവർത്തനത്തിന് വളരെ നല്ലതാണ്.
വിഷ ചികിത്സയിൽ എലി കടിച്ചതിനുള്ള ചികിത്സയ്ക്ക് നിലനാരകം സമൂലം ഉപയോഗിച്ച് വരുന്നു.